ജിഷ്ണു പ്രണോയ് കേസില്‍ ഒളിവില്‍ കഴിയുന്ന നാലാംപ്രതി പ്രവീണ്‍, അഞ്ചാംപ്രതി ദിപിന്‍ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം മാത്രമെ അറസ്റ്റിന്റെ കാര്യം പരിഗണിക്കാവു എന്നും കോടതി വ്യക്തമാക്കി. ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിലെ മൂന്നാംപ്രതി ശക്തിവേലിന്റെ അറസ്റ്റിന് പിന്നാലെ മറ്റു പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിതമായി ശ്രമിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ശക്തിവേലിന്റെ അറസ്റ്റില്‍ അന്വേഷണ സംഘത്തിനെതിരെ ഭാര്യ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ നടന്ന അറസ്‌റ്റെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് ശക്തിവേലിന്റെ ഭാര്യ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ശക്തിവേല്‍, പ്രവീണ്‍, ദിപിന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഇന്നുച്ചയ്ക്കാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നാലും അഞ്ചും പ്രതികള്‍ കസ്റ്റഡിയില്‍ ഇല്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നുമാണ് കേസിലെ മൂന്നാംപ്രതി എന്‍.ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസിനെയും സഞ്ജിത് വിശ്വനാഥനെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിശദീകരണം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ല. മറ്റു പ്രതികളുടെ മൊഴികള്‍ മാത്രമാണ് അദ്ദേഹത്തിനെതിരെയുളളത്. കൂടാതെ കോളെജില്‍ ഇടിമുറികള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.