അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് വേണ്ടി ജയിലില്‍ പോകാമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി; ‘വേണ്ടിവന്നാല്‍ തൂങ്ങിച്ചാകാനും തയ്യാര്‍’

ലക്‌നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് തന്റെ വിശ്വാസത്തിന്റെ കൂടെ കാര്യമാണെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി. രാമജന്മഭൂമിബാബറി തര്‍ക്ക പ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ജയിലില്‍ പോകാനും തയ്യാറാണെന്നും വേണ്ടിവന്നാല്‍ ജീവന്‍ വെടിയാന്‍ തയ്യാറെണെന്നും ഉമാ ഭാരതി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ബാബറി മസ്ജിദ് വിഷയം കോടതിക്ക് പുറത്ത് വെച്ച് പരിഹരിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം ഉമാ ഭാരതി ചൂണ്ടിക്കാട്ടി. അയോദ്ധ്യ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല ആദിത്യനാഥിനെക്കണ്ടതെന്നും ഉമാ ഭാരതി വ്യക്തമാക്കി. വിഷയം ഇരുവര്‍ക്കും ചര്‍ച്ച ചെയ്യാന്‍ തക്ക വിധത്തില്‍ അപരിചിതമല്ല. യോഗി ആദിത്യനാഥിന്റെ ഗുരു അവൈദ്‌നാഥ് ആണ് രാമക്ഷേത്രത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും ഉമാ ഭാരതി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.