നിലപാട് കടുപ്പിച്ച് ജിഷ്ണുവിന്റെ കുടുംബം; നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കും; മകനേക്കാള്‍ വലുതല്ല ഒന്നും

നാദാപുരം: നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍. വേണമെങ്കില്‍ 20 ലക്ഷം സര്‍ക്കാരിന് നല്‍കാം. ധനസഹായം മകന് പകരമാകില്ലെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. പത്ത് ലക്ഷം രൂപയായിരുന്നു ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയിരുന്നത്. നീതി ലഭിക്കണണെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വിശ്വസിക്കുന്ന പാര്‍ട്ടി വേദനിപ്പിക്കുന്നതില്‍ വിഷമുമുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു. സമരം അട്ടിമറിക്കാനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായി തോക്കു സ്വാമിയെ ഡിജിപി ഓഫീസിനു മുന്നില്‍ കൊണ്ടുവരികയായിരുന്നെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. സമരം അട്ടിമറിക്കാന്‍ പൊലീസുകാര്‍ തന്നെ വന്‍ ഗൂഢാലോചന നടത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ജിഷ്ണു കേസില്‍ നീതി ലഭിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അമ്മ മഹിജ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. വളയത്തെ വീട്ടില്‍ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹാര സമരത്തിലാണ്. അമ്മയെ ഉപദ്രവിച്ച പൊലീസുകാരെയും ചേട്ടന്റെ മരണത്തിനുത്തരവാദിയായ പൊലീസുകാര്‍ക്കെതിരെയും നടപടി എടുക്കുന്നതുവരെ നിരാഹാരം തുടരുമെന്നാണ് ജിഷ്ണുവിന്റെ സഹോദരി പറഞ്ഞത്.

ജിഷ്ണു കേസില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടയിലാണ് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരികെ നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞത്.

© 2023 Live Kerala News. All Rights Reserved.