മൂന്നാര്‍: മൂന്നാര്‍ കയ്യേറ്റത്തില്‍ കേന്ദ്രം ഇടപെടുന്നു. കയ്യേറ്റമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രമന്ത്രി സിആര്‍ ചൗധരി സന്ദര്‍ശിച്ചു.സംസ്ഥാന ബിജെപി നേതാക്കളുടെ പരാതി പരിഗണിച്ചാണ് സന്ദര്‍ശനം.ചിത്തിരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ കെഎസ്ഇബി ഭൂമിയിലെ കയ്യേറ്റങ്ങളാണ് കേന്ദ്രമന്ത്രി ആദ്യം സന്ദര്‍ശിച്ചത്. പിന്നീട് പള്ളിവാസലിലെയും മൂന്നാര്‍ ഇക്കാനഗറിലെയും കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മൂന്നാറില്‍ കേന്ദ്രഇടപെടല്‍ വേണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
മൂന്നാര്‍ കയ്യേറ്റത്തില്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് കാണിച്ച് പതിനൊന്നിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. മൂന്നാറില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് സുരേഷ് ഗോപി എംപി പതിനാറിന് മൂന്നാറില്‍ ഉപവസിക്കും.