ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കടുത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ കാണാതായ അഞ്ച് സൈനികരില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പേരെ രക്ഷിച്ചു. ലഡാക്കിലെ ബറ്റാലിക് സെക്ടറിലാണ് ഹിമപാതമുണ്ടായത്. കടുത്ത മഞ്ഞു വീഴ്ച്ചയേയും പ്രളയ മുന്നറിയിപ്പിനെയും തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ അപകട മുന്നറിയിപ്പുള്ള സ്ഥലങ്ങളില്‍ കാര്യക്ഷമമാക്കുന്നുണ്ട്.
കശ്മീരിലെ കക്‌സര്‍ സെക്ടറില്‍ ഹിമപാതമുണ്ടായെങ്കിലും ആര്‍ക്കും അപകടം പറ്റിയില്ല. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഹിമപാതമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. സുരക്ഷ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയതിനാലാണ് വലിയ അപകടം ഒഴിവായത്.
അടുത്ത 24 മണിക്കുറിനുള്ളില്‍ ഹിമപാതം ജമ്മു കശ്മീരിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോറ, ജില്ലകളില്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഝലം നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രളയ മുന്നറിയിപ്പും സംസ്ഥാനത്ത് നല്‍കിയിട്ടുണ്ട്.
കശ്മീരില്‍ ഈ വര്‍ഷം വിവിധ ഇടങ്ങളിലായുണ്ടായ ഹിമപാതത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.