ജിഷ്ണുവിന്റെ അമ്മ മഹിജയെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആശുപത്രിയിലായതിനാല്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ കുടുംബം. ആശുപത്രി വിട്ടതിന് ശേഷം ചര്‍ച്ചയുടെ കാര്യം ആലോചിക്കാമെന്ന നിലപാടിലാണ് ഇവര്‍. ഡിജിപിക്ക് ഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഡിജിപി സര്‍ക്കാരിനോട് നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്.
മഹിജയുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയാറാണെന്ന് ഡിജിപി പറഞ്ഞു. നേരത്തെ മഹിജയെയും ജിഷ്ണുവിന്റെ ബന്ധുക്കളെയും കാണാമെന്ന് പറഞ്ഞിരുന്നുവെന്നും അവര്‍ക്ക് എന്തെങ്കിലും അടിയന്തരമായി ചെയ്തുകൊടുക്കാനുണ്ടെങ്കില്‍ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് ആസ്ഥാനത്തെ ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ നടപടി ന്യായീകരിച്ചാണ് ഐജി മനോജ് ബ്രഹാമിന്റെ റിപ്പോര്‍ട്ട്. പൊലീസ് അതിക്രമത്തിന് തെളിവില്ല. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നും തിരുവനന്തപുരം റേഞ്ച് ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ആസ്ഥാനത്തിന് സമീപം സുരക്ഷാ വീഴ്ചയുണ്ടാകാതിരിക്കാനാണ് ബലം പ്രയോഗിച്ച് ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളേയും നീക്കിയത്. വിഷയം കൈകാര്യം ചെയ്ത രീതിയില്‍ തെറ്റുപറ്റിയോന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് ഐജിയുടെ ഓഫിസിന്റെ വിശദീകരണം.