പൊലീസ് ആസ്ഥാനത്തുണ്ടായ അതിക്രമങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയും ബന്ധുക്കളെയും ഭരണ പരിഷ്‌കാരകമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഫോണില്‍ വിളിച്ചു പിന്തുണയറിയിച്ചു. ആശുപത്രിയില്‍ നിരാഹാരം തുടരുന്ന മഹിജയുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ വിഎസ് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പറഞ്ഞതായിട്ടാണ് വിവരം. അതേസമയം ഡിജിപിയുടെ ഓഫിസിന് മുമ്പിലേക്ക് നിരാഹാരം മാറ്റുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ ഇന്ന് പറഞ്ഞു. പൊലീസിന്റെ നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
പൊലീസിന് ഇന്നലത്തെ സംഭവങ്ങളില്‍ സാമാന്യ യുക്തി പ്രയോഗിക്കാമായിരുന്നു. രാഷ്ട്രീയയുദ്ധത്തില്‍ മാനംകെടുത്തുന്ന നടപടിയാണിത്. ജിഷ്ണുവിന്റെ മാതാപിതാക്കളെ പുറത്തിറങ്ങി ചെന്ന് കൈകൊടുത്ത് സ്വീകരിക്കുകയായിരുന്നു ഡിജിപി ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഉള്‍പ്പെടെ അഭിനന്ദിക്കുമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തിന് ഒരായുധം നല്‍കിയിരിക്കുകയാണ്. പൊലീസിന്റെ വീഴ്ച അടക്കമുളള കാര്യങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച സിപിഐഎം പിബി അംഗം എംഎ ബേബി മുഖ്യമന്ത്രി കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുമെന്ന് പറഞ്ഞു. സിപിഐഎം സംസ്ഥാന നേതൃത്വവും എല്‍ഡിഎഫ് കണ്‍വീനറും പ്രതിഷേധത്തിനെത്തിയവര്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുമെന്നും എം.എ ബേബി അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. റേഞ്ച് തലത്തിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ഈ മാസം 22ന് മന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. തനിക്ക് മര്‍ദനമേറ്റതായി ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും ആരോപിച്ചിരുന്നു.ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു.