തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ പൊലീസ് നടത്തിയ ക്രൂരതകള്‍ക്കെതിരെ വിഎസിന്റെ വിമര്‍ശനവും ശകാരവും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ചാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വിഎസ് ശകാരിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഎസ് പറഞ്ഞതായിട്ടാണ് വിവരം. ഉപതെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ പൊലീസിന്റെ ശ്രമമെന്നും അദ്ദേഹം ഡിജിപിയോട് ചോദിച്ചു. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം ബെഹ്‌റയോട് പറഞ്ഞതായിട്ടാണ് അറിയാന്‍ കഴിയുന്നത്.
ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഇന്നുമുതല്‍ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എ്ത്തിയത്. എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു.
ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇവര്‍ക്ക് മര്‍ദനമേറ്റതായി ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുളള ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിന് മുമ്പില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് വിട്ടയച്ചത്. ഇത് നാടകമാണെന്നും ഡിജിപി ഓഫീസിന് മുന്നില്‍ ആരംഭിക്കാനിരുന്ന സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് അറസ്റ്റിനു പിന്നില്‍ ഇന്നലെ നടന്നതെന്നും മഹിജ പറഞ്ഞിരുന്നു