സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ് മെട്രോ സ്‌ഫോടനത്തിന് പിന്നില്‍ കിര്‍ഗ്‌സ് വംശജനായ റഷ്യന്‍ പൗരന്‍; ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 11 പേര്‍

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ് നഗരത്തിലെ മെട്രോ സ്‌റ്റേഷനില്‍ 11 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേറാക്രമണം നടത്തിയത് കിര്‍ഗിസ്ഥാന്‍ വംശജന്‍. അക്ബര്‍ജോന്‍ ഡിജാലിലോവ് എന്ന 22 വയസുകാരനാണ് കൂട്ടക്കുരുതിക്ക് പിന്നില്‍. ഇയാള്‍ക്ക് റഷ്യന്‍ പൗരത്വവും ഉണ്ടായിരുന്നു.

സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലുണ്ടായത് ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. റഷ്യന്‍ അന്വേഷണ ഏജന്‍സികള്‍ ഈ സാധ്യതയാണ് പരിശോധിക്കുന്നത്. റഷ്യയുടെ ആഡംബര നഗരമായ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലെ മെട്രോ സ്‌റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന മെട്രോ റെയില്‍വേ സ്‌റ്റേഷനടുത്തുള്ള നഗരകേന്ദ്രത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനുമുണ്ടായിരുന്നു.

ജിഹാദികള്‍ക്ക് എതിരായി സിറിയയില്‍ റഷ്യ നടത്തുന്ന സൈനിക ഇടപെടലുകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭീഷണി നിലനില്‍ക്കെയാണ് 11 പേരുടെ മരണത്തിന് ഇടയാക്കിയ സബ്‌വേ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനകളൊന്നും മുന്നോട്ട് വന്നിട്ടില്ല.
പഴയ സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്നും 7000 പൗരന്‍മാര്‍ ഐഎസിനൊപ്പം ചേര്‍ന്നതായാണ് കണക്ക്. ഇതില്‍ 2900 റഷ്യക്കാരും ഇറാഖിലേയും സിറിയയിലേയും ജിഹാദി ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തല്‍.

© 2024 Live Kerala News. All Rights Reserved.