ധ്യാന്‍ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു

സംവിധായകനും അഭിനേതാവും ശ്രീനിവാസന്റെ ഇളയ മകനുമായ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാവുന്നു. ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും കോട്ടയം പാലാ സ്വദേശിനിയുമായ അര്‍പിത സെബാസ്റ്റിയന്‍ ആണ് വധു. വിവാഹ നിശ്ചയം ഞായറാഴ്ച തിരുവനന്തപുരം താജ് വിവാന്റയില്‍ വച്ച് നടന്നു. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏപ്രില്‍ ഏഴിന് കണ്ണൂരിലെ വാസവ കഌഫ്ഹൗസില്‍ വച്ചാണ് വിവാഹം. 10ന് എറണാകുളം ഗോകുലം പാര്‍ക്കില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി വിരുന്ന് സത്കാരം ഒരുക്കിയിട്ടുണ്ട്.

പത്ത് വര്‍ഷമായി ഇരുരും സൗഹൃദത്തിലാണ്. ഇരുവരും ചെന്നൈയില്‍ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ് സൗഹൃദം. ധ്യാനിന്റെ വീട്ടുകാര്‍ക്ക് അര്‍പിതയെ അറിയാമായിരുന്നതിനാല്‍ വിവാഹത്തിന് തടസങ്ങളൊന്നുമുണ്ടായില്ല. വിവാഹശേഷം കൊച്ചിയില്‍ സെറ്റില്‍ ചെയ്യാനാണ് ധ്യാനിന്റെ തീരുമാനം.
സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ ആയിരുന്നു ധ്യാന്‍ അഭിനയരംഗത്ത് എത്തിയത്. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഒരേ മുഖം എന്ന സിനിമയിലാണ് ധ്യാന്‍ ഒടുവില്‍ അഭിനയിച്ചത്. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ആരംഭിക്കും. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.