ശശീന്ദ്രനൊപ്പം നില്‍ക്കുന്ന ഫോട്ടോ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്നു;പരാതിയുമായി പെണ്‍കുട്ടി; സൈബര്‍സെല്ലിന് കൈമാറി

മലപ്പുറം: മന്ത്രി സ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രനൊപ്പം സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത തന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതി. അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിക്കുന്ന ചിത്രം തടയണമെന്നും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയാണ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് താനാണെന്ന തരത്തിലാണ് പ്രചാരണമെന്നും തന്റെ ഭാവിയും ജീവിതവും തകര്‍ക്കുന്ന രീതിയിലുളള വ്യാജപ്രചാരണങ്ങളാണ് സോഷ്യല്‍മീഡിയകളില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പരാതിയില്‍ പെണ്‍കുട്ടി പറയുന്നു.ഐടി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഫോട്ടോ അപ്ലോഡ് ചെയ്തയാളെ സൈബര്‍സെല്ലിന്റെ സഹായത്താല്‍ കണ്ടെത്താനാവുമെന്നും പോലീസ് പറഞ്ഞു.കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് പഠിക്കുന്ന യുവതി രണ്ട് മാസം മുന്‍പ് സ്ഥാപനത്തിലെ ഒരു പരിപാടിയില്‍ ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തിയപ്പോള്‍ നാട മുറിക്കാനായുളള കത്രിക ഉള്‍പ്പെടുന്ന താലം പിടിച്ചത് പെണ്‍കുട്ടിയാണ്. ഈ സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോള്‍ മോശമായി പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ചിത്രം കടപ്പാട് -മാധ്യമം

© 2024 Live Kerala News. All Rights Reserved.