കൊച്ചിയില്‍ സിനിമ പ്രവര്‍ത്തകര്‍ക്കുനേരെ ഗുണ്ടാ ആക്രമണം; മര്‍ദ്ദനമേറ്റത് നിര്‍മാതാവിനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കും

കൊച്ചി: സിനിമാ നിര്‍മാതാവിനു നേരെ ഗുണ്ടാ ആക്രമണം. നിര്‍മാതാവായ മഹാ സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെയുമാണ് മദ്യ ലഹരിയിലായിരുന്ന പത്തംഗ സംഘം ആക്രമിച്ചത്.തമ്മനം എടശ്ശേരി മാന്‍ഷന്‍ ഹോട്ടലില്‍ വെച്ചാണ് സംഭവം.ഇവരെ അക്രമികള്‍ കമ്പിവടി കൊണ്ടു തലക്കടിക്കുകയായിരുന്നു. തലയ്ക്കും വലതു ചെവിക്കും പരിക്കേറ്റ സുബൈറിനെ എര്‍ണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.സമുദ്രക്കനി സംവിധാനം ചെയ്യുന്ന സിനിമയായ ആകാശ മിഠായിയുടെ നിര്‍മ്മാതാവാണ് മഹാ സുബൈര്‍. ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഹോട്ടലിലെ ബീയര്‍ പാര്‍ലറില്‍ മദ്യപിക്കുകയായിരുന്ന യുവാക്കള്‍ അക്രമാസക്തരാവുകയും സെക്യുരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയുമായിരുന്നു. ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ അവിടെക്കെത്തിയ പ്രൊഡക്ഷണ്‍ കണ്‍ട്രോളര്‍ ബാദുഷയടക്കമുള്ളവര്‍ക്ക് നേരെ ഇവര്‍ വന്നിരുന്നു. ഈ പ്രശ്‌നം തീര്‍ത്ത് മാറി നില്‍ക്കവേ ഇതൊന്നുമറിയാതെ ഹോട്ടലിലേക്കെത്തിയ നിര്‍മ്മാതാവ് സുബൈറിനു നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും തമ്മനം സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.