ഓസ്‌ട്രേലിയയെ തകര്‍ത്ത് ടീം ഇന്ത്യയ്ക്ക് പരമ്പര; നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം; ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി തിരിച്ചുപിടിച്ചു

ധര്‍മശാല: നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര. 2-1നാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണിത്. പരമ്പര ജയത്തോടെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു.106 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇന്ത്യ ഇന്നലെ ബാറ്റിംഗ് ആരംഭിച്ചത്. ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 87 റണ്‍സായിരുന്നു -.ബൗളര്‍മാരെ കൈയ്യയിച്ച് സഹായിച്ച പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയ്ക്കായി രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. രഹാന പുറത്താകാതെ 38 റണ്‍സും എടുത്തു. 76 പന്തില്‍ ഒന്‍പത് ബൗളറികളുടെ സഹായത്തോടെ 51 റണ്‍സാണ് ലോകേശ് രാഹുല്‍ നേടിയത്. പരമ്പരയിലെ ആറാമത്തെ അര്‍ധ സെഞ്ച്വറിയാണ് രാഹുലിന്റേത്.23.1 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.ചേതേശ്വര്‍ പൂജാര (0) മുരളി വിജയ് (8) എന്നിവരാണ് നേരത്തേ പുറത്തായത്. മുരളി വിജയിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ പൂജാരയെ മാക്‌സ്വെല്‍ റണ്‍ ഔട്ട് ആക്കുകയായിരുന്നു. പൂനെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 333 റണ്‍സിന് വിജയിച്ചിരുന്നു. പിന്നീട് ബെംഗളുരു ടെസ്റ്റില്‍ ഇന്ത്യ വിജയം പിടിച്ചു. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലായതോടെയാണ് ധര്‍മശാല ടെസ്റ്റ് നിര്‍ണ്ണായകമായത്.

© 2024 Live Kerala News. All Rights Reserved.