സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ അന്തിമ പട്ടികയില്‍ ടി.പി കേസിലെ പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതികളും ഇല്ല; പുറത്തുവന്നത് ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക;വിശദീകരണവുമായി ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി

തിരുവനന്തപുരം: ശിക്ഷായിളവിനായി സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ അന്തിമ പട്ടികയില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും ചന്ദ്രബോസ് വധക്കേസിലെ പ്രതികളും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീലാ റാണി. ജയില്‍വകുപ്പ് നല്‍കിയ പട്ടികയില്‍ ശിക്ഷാ ഇളവിനു നിര്‍ദേശിക്കപ്പെട്ടവരില്‍ ഇവരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പേരുകള്‍ നീക്കം ചെയ്താണ് സര്‍ക്കാര്‍ അന്തിമ പട്ടിക തയ്യാറാക്കിയതെന്നാണ് ഷീലാ റാണിയുടെ വിശദീകരണം. ജയില്‍വകുപ്പിന്റെ പട്ടിക പരിശോധിച്ച് സര്‍ക്കാര്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിച്ചത് ഷീലാ റാണിയായിരുന്നു. വിവാദമുയര്‍ത്തുന്ന ഈ പേരുകളൊന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.ശിക്ഷാ ഇളവ് നല്‍കുന്നതിന് പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നും ഇവരെയൊന്നും മാധ്യമങ്ങള്‍ പറയുന്നത് പോലെ വിട്ടയക്കാനല്ല തീരുമാനിച്ചതെന്നും ഷീലാ റാണി മീഡിയ വണ്ണിനോട് പ്രതികരിച്ചു.ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നും കാര്യമായ മാറ്റത്തോടെയാണ് അന്തിമ പട്ടികയെന്നാണ് വിശദീകരണം. 2016 ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് മൂവായിരത്തോളം തടവുകാരില്‍ 1911 പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന് കാണിച്ച് ജയില്‍വകുപ്പ് 2016 ഒക്ടോബര്‍ 17ന് സര്‍ക്കാരിന് പ്രോപ്പസല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഈ ലിസ്റ്റ് പരിശോധിക്കാന്‍ ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഷീലാറാണി ചെയര്‍പേഴ്‌സണായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇപ്രകാരം ജയില്‍വകുപ്പ് നല്‍കിയ ലിസ്റ്റില്‍ നിന്നും 61 പേരെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ലിസ്റ്റ് കൈമാറുന്നത്. ഈ കമ്മിറ്റി പരിശോധിച്ച് അര്‍ഹരെന്ന് കണ്ടത്തെിയ 1850 തടവുകാര്‍ക്ക് ഇളവ് നല്‍കാനുളള ശുപാര്‍ശയാണ് ഗവര്‍ണറിലേക്ക് എത്തുന്നതും. ഈ പട്ടികയില്‍ ടിപി കേസ് പ്രതികളും നിസാമും അടക്കം പലരും ഉണ്ടായിരുന്നില്ലെന്നാണ് ഷീലാ റാണി വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.