പ്രണയിക്കാന്‍ സമ്മതിക്കുന്നില്ല;അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ പരാതി;അമ്മയെ ജയിലില്‍ അടക്കണം

മൂവാറ്റുപുഴ: അമ്മ പ്രണയിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍. മൂവാറ്റുപുഴ പൊലീസിലാണ് 18കാരന്‍ പരാതി നല്‍കിയത്.പ്രണയിക്കാന്‍ സമ്മതിക്കാത്ത അമ്മയ്‌ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് ആവശ്യം. പരാതിയുമായി സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്റെ പരാതിയില്‍ ഉറച്ചുനിന്ന ഇയാള്‍ അമ്മയ്‌ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.ഇതോടെ പൊലീസ് അമ്മയെയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും സ്റ്റേഷനില്‍ വിളിച്ചു അനുരഞ്ജനത്തിനു ശ്രമിച്ചു. അമ്മയ്‌ക്കെതിരെ നടപടി വേണമെന്ന വാദത്തില്‍ യുവാവ് ഉറച്ചു നിന്നതോടെ മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയമാവാം എന്നായി അമ്മയുടെ നിലപാട്.എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു. യുവാവും പെണ്‍കുട്ടിയുമായുള്ള വിവാഹം നടത്തി തരാന്‍ തയ്യാറാണെന്നും അതിനുശേഷം പ്രണയിച്ചാല്‍ മതിയെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നും പ്രണയം മതിയെന്നുമായിരുന്നു യുവാവിന്റെ നിലപാട്. തന്റെ നിലപാടില്‍ യുവാവ് ഉറച്ചു നില്‍ക്കുകയും ചെയ്തു.പൊലീസ് സ്വരം കടുപ്പിച്ചതോടെ ചെറുപ്പക്കാരന്‍ അമ്മയുടെ കൂടെ സ്റ്റേഷന്‍ വിട്ടു.

© 2024 Live Kerala News. All Rights Reserved.