ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപത്ത് വെടിവെപ്പ്; 5 പേര്‍ കൊല്ലപ്പെട്ടു;40 പേര്‍ക്ക് പരുക്ക്;അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി; അക്രമി ഏഷ്യന്‍ വംശജന്‍

ലണ്ടന്‍ : ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് പാര്‍ലമെന്റിന് പുറത്ത് നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്നു കരുതുന്ന കാര്‍ ഇടിച്ചു പരിക്കേറ്റ മൂന്നു വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്.പാര്‍ലമെന്റിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച അക്രമിയെ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു. അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി. തുടര്‍ന്ന് കസ്റ്റഡിയില്‍ ഇരിക്കെയാണ് ആശുപത്രിയില്‍ ഇയാള്‍ മരണമടഞ്ഞത്.അമിതവേഗതയില്‍ ഓടിച്ചുവന്ന ഒരു കാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു തൊട്ടടുത്തുള്ള വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന നിരവധിപേരെ ഇടിച്ചിട്ടശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറ്റി.പിന്നീട് കാറില്‍നിന്നിറങ്ങി മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞ പൊലീസുകാരനെ ഇയാള്‍ കഠാരകൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. മറ്റൊരു പൊലീസുകാരനുനേരെ പാഞ്ഞടുത്ത അക്രമിയെ അദ്ദേഹം വെടിവച്ചുവീഴ്ത്തി. അതേസമയം, അക്രമി ഏഷ്യന്‍ വംശജനാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇസ്‌ലാമിക് ഭീകരവാദ’വുമായി ബന്ധപ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബ്രസല്‍സില്‍ 52 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിനാണ് ലണ്ടനിലെ സംഭവം. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ യുകെയ്‌ക്കൊപ്പം ഇന്ത്യയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.