വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസ്: പി കൃഷ്ണദാസ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി:ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കം നാലു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേ സമയം മൂന്നാം പ്രതിയും കോളേജ് നിയമോപദേശകയുമായ സുചിത്രക്ക് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി കോളേജിലെ പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യം ഹര്‍ജിയും ഇന്ന് ഇതേ ബഞ്ചിന്റെ പരിഗണനക്ക് വരും.
കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പൊലീസിന്റെ നാടകമാണെന്നും, പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അറസ്റ്റ് ചെയ്യുന്നത് വരെ ജാമ്യമുള്ള വകുപ്പുകളാണ് രേഖപ്പെടുത്തിയിരുന്നത്. അത്തരം കേസില്‍ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കോളെജിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ ബോധിപ്പിച്ചു.സമൂഹത്തില്‍ സ്വാധീനം ഉള്ള പ്രതികള്‍ കേസ് അട്ടിമറിക്കുമെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കും.

© 2024 Live Kerala News. All Rights Reserved.