പുലര്‍ച്ചെ സൈക്കിളില്‍ തിരുവനന്തപുരം നഗരം ചുറ്റി മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ സൈക്കിളില്‍ തിരുവനന്തപുരം നഗരം ചുറ്റി. പുലര്‍ച്ചെ നാലരയ്ക്ക് മോഹന്‍ലാല്‍ നഗരം ചുറ്റാനിറങ്ങിയതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെ കോഫി ഹൗസ് വരെ സൈക്കിളില്‍ താരം ചുറ്റി.ഏറെ നാളായി മോഹന്‍ലാലിനുളള ആഗ്രഹമായിരുന്നു തന്റെ പഴയ നഗരത്തിലൂടെ സൈക്കിളില്‍ യാത്ര ചെയ്യണമെന്നുളളത്.
ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങളായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. ഷൂട്ടിങ്ങ് തീര്‍ന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ തിരിക്കുന്നതിന് മുന്‍പായിട്ടാണ് താരം സൈക്കിളുമെടുത്ത് തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെത്തിയത്. സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എംജി റോഡിലൂടെ വടക്കോട്ട് പോയ മോഹന്‍ലാല്‍ കോഫി ഹൗസിന് മുന്നിലെത്തിയും അല്‍പ്പനേരം നിന്നു. വെളുപ്പിനെ നാലര ആയതിനാല്‍ നഗരത്തില്‍ ആളനക്കവും കുറവായിരുന്നു. എങ്കിലും നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും മോഹന്‍ലാലിനെ കണ്ട് അത്ഭുതപ്പെട്ടു നിന്നു. താരം അവരോടൊക്കെ ചിരിച്ചു കാണിച്ചാണ് യാത്ര തുടര്‍ന്നതും. സുഹൃത്തായ സനല്‍കുമാറാണ് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരിക്കായുളള ഒരുക്കങ്ങള്‍ നടത്തിയത്. മുന്‍പൊരു സൗഹൃദസദസില്‍ വെച്ച് താന്‍ ജീവിച്ചുവളര്‍ന്ന തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സനല്‍കുമാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനൊപ്പം ഇതിന്റെ ഒരുക്കങ്ങള്‍ക്കായി ലിജു, സജീവ് സോമന്‍,ബിജീഷ്,മുരളി എന്നിവരും കൂടെ ഉണ്ടായിരുന്നു.

കടപ്പാട്: കേരളകൗമുദി