സഫിയ വധക്കേസ്: ഒന്നാംപ്രതി കെ.സി. ഹംസയ്ക്ക് വധശിക്ഷ; ഹംസയുടെ ഭാര്യ മൈമൂനയ്ക്ക് ആറുവര്‍ഷം തടവ്

 

കാസര്‍കോട്: സഫിയ വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. സഫിയയെ വീട്ടുജോലിക്കു നിര്‍ത്തിയ കാസര്‍കോട് ബോവിക്കാനം മാസ്തിക്കുണ്ടില്‍ കരാറുകാരന്‍ കെ.സി. ഹംസ (50)യ്ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം.ജെ. ശക്തിധരന്‍ വധശിക്ഷ വിധിച്ചത്. ഇതിനു പുറമേ പത്തുലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമൂനയ്ക്ക് ആറു വര്‍ഷം തടവും 10000 രൂപ പിഴയും നാലാം പ്രതിയും ഹംസയുടെ സഹോദരന്റെ ഭാര്യാ സഹോദരനുമായ ആരിക്കാടി കുന്നില്‍ ഹൗസില്‍ അബ്ദുല്ല (58)യ്ക്ക് മൂന്നു വര്‍ഷം കഠിന തടവും 5000 രൂപ പിഴയുംശിക്ഷ വിധിച്ചു. ഒന്നാം പ്രതിയില്‍ നിന്നു പിഴയായി ഈടാക്കുന്ന തുകയില്‍ എട്ടുലക്ഷം രൂപ സഫിയയുടെ കുടുംബത്തിനു നല്‍കണമെന്നും കോടതി വിധിച്ചു.

വീട്ടു ജോലിക്കു നിന്ന പെണ്‍കുട്ടിയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ശിക്ഷ. കുടക് കര്‍ണാടക അയ്യങ്കേരിയിലെ മൊയ്തുവിന്റെയും ആയിസുമ്മയുടെയും മകളായ സഫിയയെ 13ാം വയസ്സിലാണ് ഹംസയുടെ വീട്ടില്‍ ഏജന്റ് മുഖേന വീട്ടുജോലിക്കു നിര്‍ത്തിയത്. സഫിയയെ കാണാതായെന്ന പരാതിയെത്തുടര്‍ന്ന് ഒന്നര വര്‍ഷക്കാലം കേസ് അന്വേഷിച്ചിട്ടും എങ്ങുമെത്താതെ നിലച്ചതിനെ തുടര്‍ന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണു സഫിയയെ ഗോവയില്‍ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. 2008 സെപ്്റ്റംബര്‍ 28ന് ആണു ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2006 ഡിസംബര്‍ 21നാണു ആദൂര്‍ പൊലീസ് സഫിയയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തത്. 2006 ഡിസംബര്‍ 20നു സഫിയയെ മാസ്തിക്കുണ്ടിലെ വീട്ടില്‍ നിന്നു കാണാതായെന്നായിരുന്നു ഹംസയുടെ മൊഴി. സഫിയയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം പ്രഹസനമായപ്പോള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍മസമിതിയുടെ സമരഫലമായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. 2008 ജൂലൈയിലാണു ഗോവ മല്ലോര അണക്കെട്ടിനു സമീപത്തു നിന്നു സഫിയയുടെ തലയോട്ടിയും പാവാടയും കണ്ടെത്തിയത്.

PHOTO CURTESY :MANORAM ONLINE

© 2024 Live Kerala News. All Rights Reserved.