ഗോവയില്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി ;ബിജെപി 22 വോട്ട് നേടി; 17 അംഗങ്ങളുള്ള കോണ്‍ഗ്രസിന് 16 വോട്ട് മാത്രം

പനജി :ഗോവയില്‍ വീണ്ടും ബിജെപി തുടര്‍ഭരണം.ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പില്‍, 40ല്‍ 22 പേരുടെ പിന്തുണ നേടിയാണ് മനോഹര്‍ പരീക്കര്‍ ഭരണം തുടരാനുള്ള വിശ്വാസം ഉറപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 48 മണിക്കൂറിനകം വിശ്വാസവോട്ടു തേടാന്‍ സുപ്രീം കോടതി ബിജെപി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.ഗോവ നിയമസഭയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി17 സീറ്റ്. ബിജെപിക്ക് 13 എംഎല്‍എമാരാണുള്ളത്. മൂന്ന് എംഎല്‍എമാര്‍ വീതമുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണ ബിജെപി ഉറപ്പാക്കിയിരുന്നു. മൂന്നു സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണച്ചു. ഇവരുള്‍പ്പെടെ 22 എംഎല്‍എമാരുടെ പിന്തുണയോടെയാണ് മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടിയത്.11 മണിയോടെ സഭ ചേര്‍ന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തിയശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്. അതേസമയം, വിശ്വാസവോട്ടെടുപ്പില്‍ സ്വന്തം പാര്‍ട്ടിയിലെ എല്ലാം അംഗങ്ങളുടെയും പിന്തുണ കോണ്‍ഗ്രസിനു ലഭിച്ചില്ലെന്നാണ് വിവരം. 17 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് 16 പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. ഒരു കോണ്‍ഗ്രസ് എംഎല്‍എ വോട്ടെടുപ്പിനിടെ സഭയില്‍നിന്ന് ഇറങ്ങിപ്പോയെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.