ജേക്കബ് തോമസിനെ മാറ്റില്ല; ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ആ സ്ഥാനത്ത് നിന്നും മാറ്റില്ലെന്നും ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നുംമുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി എടുത്ത ആളാണ് അദ്ദേഹം. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കെല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാന്‍ ജേക്കബ് തോമസ് ബാധ്യസ്ഥനാണ്. സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ ആയിട്ടുണ്ടോയെന്നും സ്വകാര്യകമ്പനിയുടെ പേരില്‍ ഭൂമിയുടെ വാങ്ങിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്നും പിണറായി സഭയെ അറിയിച്ചു.

ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ജേക്കബ് തോമസിനെ പിന്തുണച്ച് രംഗത്തെത്തിയത്. എം. വിന്‍സന്റ് എം.എല്‍.എ ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണെന്ന് വിന്‍സെന്റ് ആരോപിച്ചു. ജേക്കബ് തോമസിനെ ആരു ചുവപ്പുകാര്‍ഡ് കാണിക്കുമെന്നും വിന്‍സന്റ് ചോദിച്ചു. 50 ഏക്കര്‍ ഭൂമി വാങ്ങിയത് പൊലീസ് കമ്മിഷണറായിരിക്കെയാണെന്നും അദ്ദേഹം പറഞ്ഞു.ഗുരുതരമായ ആരോപണമാണ് ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. വിജിലന്‍സിനെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ സര്‍ക്കാര്‍ ചുവപ്പ് കാര്‍ഡ് കാണിക്കണമെന്നും തത്ത കോടതിയെയും സര്‍ക്കാരിനെയും തിരിഞ്ഞ് കൊത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.