നിയമ വിധേയമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തരുത്: ടെലികോം മന്ത്രാലയം

 

ന്യൂഡല്‍ഹി: ഏറെ ചര്‍ച്ചാ വിഷയമായ ഇന്റര്‍നെറ്റ് സമത്വത്തെ (നെറ്റ് ന്യൂട്രാലിറ്റി) പിന്തുണച്ച് ടെലികോം മന്ത്രാലയം. രാജ്യത്ത് ഇന്റര്‍നെറ്റ് സൗജന്യമാക്കുക ലക്ഷ്യങ്ങളിലൊന്നാണ്. സേവനദാതാക്കള്‍ക്കുള്ള ലൈസന്‍സ് നിബന്ധനകളില്‍ നെറ്റ് സമത്വവും ഉള്‍പ്പെടുത്തണമെന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു.

ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇന്റര്‍നെറ്റ് സമത്വം വേണമെന്ന് ആവശ്യപ്പെട്ടത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം.

സോഷ്യല്‍ മീഡിയ വഴി വലിയ പ്രതിഷേധമാണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി നടന്നത്. ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളും, വാട്‌സ് ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളും, ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും അടക്കമുള്ളവ ഉപയോഗിക്കാനായി കൂടുതല്‍ ചാര്‍ജ് തരണമെന്നാണ് ഇന്റര്‍നെറ്റ് സേവനദാദാക്കളുടെ ആവശ്യം എന്നതിനാല്‍ ഉപയോക്താക്കള്‍ ഒന്നാകെ കമ്പനികള്‍ക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ടെലികോം മാന്ത്രാലയം തേടിയത്. പത്തുലക്ഷത്തിലധികം ആളുകള്‍ ഈ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.