മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും;ബിരേന്‍ സിങ്ങിന്റെ സത്യപ്രതിജ്ഞ ഇന്ന്

ഇംഫാല്‍: ചരിത്രത്തിലാധ്യമായി മണിപ്പുരില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മന്ത്രിസഭയുണ്ടാക്കാന്‍ ബി.ജെ.പി നിയമസഭ കക്ഷി നേതാവ് എന്‍. ബിരേന്‍ സിങ്ങിന് ഗവര്‍ണര്‍ നജ്മ ഹിബത്തുല്ലയുടെ ക്ഷണം. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്യും.ഇതോടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലാകും. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരണത്തിനാവശ്യമായ പിന്തുണയുണ്ടെന്ന് വ്യക്തമായതായി ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ച നാഗാ പീപ്പിള്‍സ് ഫ്രണ്ടി(എന്‍.പി.എഫ്)ന്റെ നാലു എം.എല്‍.എമാര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ സന്ദര്‍ശിച്ചു നിലപാട് അറിയിച്ചതോടെയാണു സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണമെത്തിയത്. 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണു ബി.ജെ.പി. നിലപാട്. തെരഞ്ഞെടുപ്പില്‍ 21 സീറ്റാണു പാര്‍ട്ടിക്കു ലഭിച്ചത്. 28 സീറ്റുള്ള കോണ്‍ഗ്രസാണു സഭയിലെ വലിയ കക്ഷി. മുന്‍ കോണ്‍ഗ്രസുകാരനായ ബീരേന്‍ സിങ്, നേരത്തേ ഒക്രാം ഇബോബി സിങ് മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്‍.പി.എഫ്, എന്‍.പി.പി, എല്‍.ജെ.പി, ടി.എം.സി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയാണു ബി.ജെ.പിക്കുള്ളത്. 28 സീറ്റില്‍ ജയിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഒരു സാമാജികന്‍ കൂറുമാറി.

© 2024 Live Kerala News. All Rights Reserved.