മണിപ്പുരിലും ഗോവയിലും ബിജെപി പണക്കരുത്ത് ഉപയോഗിച്ചു;യു.പിയിലെ വിജയത്തിന്റെ കാരണം വേറെയാണ്; കോണ്‍ഗ്രസിനു വീഴ്ച സംഭവിച്ചു; പാര്‍ട്ടിയില്‍ മാറ്റങ്ങളുണ്ടാവുമെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പുരിലും ഗോവയിലും ബിജെപി അധികാരം കവര്‍ന്നത് പണക്കരുത്ത് ഉപയോഗിച്ചെന്ന്് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പിയിലെ പരാജയം സമ്മതിക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. യു.പിയില്‍ ബി.ജെ.പി വിജയിച്ചെന്നും ഈ സാഹചര്യത്തില്‍ അവരെ അഭിനന്ദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. യു.പിയിലെ അവരുടെ വിജയത്തിന് പല കാരണങ്ങളുമുണ്ട് അതിലൊന്ന് ധ്രുവീകരണമാണെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ചാണ് അവര്‍ വോട്ട് നേടിത്. ഇപ്പോള്‍ ഞങ്ങള്‍ പ്രതിപക്ഷമാണ്. ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികം. യു.പിയില്‍ കോണ്‍ഗ്രസിനു വീഴ്ച സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു. പാര്‍ട്ടിയില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാവുമെന്നു രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. അതേസമയം, ഗോവയിലും മണിപ്പുരിലും ഭരണം കോണ്‍ഗ്രസിന്റെ കൈപ്പിടിയില്‍നിന്നു ചോര്‍ന്നു പോയതു പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പിടിപ്പുകേടുകൊണ്ടാണെന്നാണു വിലയിരുത്തല്‍. ഉചിതമായ തീരുമാനങ്ങളെടുക്കാനും കൃത്യമായ നീക്കങ്ങള്‍ നടത്താനും രാഹുല്‍ ഗാന്ധിക്കു കഴിയാതെ പോയതില്‍ പാര്‍ട്ടിക്ക് അകത്തു തന്നെ വിമര്‍ശനമുണ്ട്. ഗോവയിലും മണിപ്പുരിലും അവസരോചിത ഇടപെടല്‍ നടത്താന്‍ കഴിയാതെ പോയതാണു കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ പരാജയം. സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ താമസിച്ചപ്പോള്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇല്ലാതാക്കിയത്. ഗോവയിലും മണിപ്പൂരിലും നയം രൂപീകരിക്കാനും കോണ്‍ഗ്രസിനായില്ല. ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ കുതിരക്കച്ചവടം നടക്കുമെന്നറിയാവുന്ന നേതാക്കള്‍ അതിനെ മറികടക്കാന്‍ ഒന്നും ചെയ്തില്ല. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതിന് തൊട്ടുപിന്നാലെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.