ഐഎസിന്റെ ലക്ഷ്യം കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍; സുരക്ഷാമേധാവികളുടെ യോഗം വിളിച്ചു

കേരളത്തില്‍ നിന്ന് ആഭ്യന്തരസെക്രട്ടറിയും ഡിജിപിയും ഇന്റലിജന്‍സ് മേധാവിയും പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കോട്ടയം: ക്രൂരമായ കൂട്ടക്കൊല നടത്തി ലോകത്തെ ഞെട്ടിക്കുന്ന ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരരുടെ ലക്ഷ്യങ്ങളില്‍ കേരളം ഉള്‍പ്പെടെ 12 ഇന്ത്യന്‍ സംസ്ഥാനങ്ങളും പെട്ടിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന് സുരക്ഷാതന്ത്രങ്ങളൊരുക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് അടിയന്തര യോഗം വിളിച്ചു. ഈ 12 സംസ്ഥാനങ്ങളിലെയും ഡിജിപിമാരും ആഭ്യന്തര സെക്രട്ടറിമാരും ഇന്റലിജന്‍സ് മേധാവികളും 18ന് ന്യൂഡല്‍ഹിയില്‍ യോഗത്തിനെത്താന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എല്‍.സി. ഗോയല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

 

ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളം, ഉത്തര്‍പ്രദേശ്, ബംഗാള്‍, ജമ്മു, ആന്ധ്രാ പ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, തെലുങ്കാന, ന്യൂഡല്‍ഹി, കര്‍ണാടക, ആസാം, മഹാരാഷ്ട്രാ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് യോഗത്തിന് വിളിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ ഡിജിപി ടി.പി.സെന്‍കുമാര്‍, ഇന്റലിജന്‍സ് മേധാവി ,എ.ഹേമചന്ദ്രന്‍ എന്നിവരോട് യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനസര്‍ക്കാരും നിര്‍ദേശിച്ചിട്ടുണ്ട്.

വിദ്യാഭ്യാസമുള്ള യുവാക്കള്‍ കൂടുതല്‍ ഐഎസിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നതിനാല്‍ ഇന്ത്യയില്‍ ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ക്ക് അതീവസാധ്യതകളുണ്ടെന്ന വിലയിരുത്തലിലാണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടേത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഈ 12 സംസ്ഥാനങ്ങളില്‍ സാധ്യതകള്‍ ഏറെയാണെന്നാണ് മുന്‍കാല സംഭവങ്ങള്‍ വിലയിരുത്തി ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. ഇറാഖിലും സിറിയയിലുമായിരുന്നു ഐഎസിന്റെ സാന്നിധ്യമെങ്കില്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഭീകരസംഘടനകളില്‍ പ്രധാനിയായി വളര്‍ന്ന ഐഎസ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചുണ്ടെന്നതാണ് ഇന്ത്യയുടെ ആശങ്ക.

പാകിസ്ഥാനാലും ഐഎസിന്റെ പ്രവര്‍ത്തനം ശക്തമാക്കി. ഇന്ത്യന്‍ യുവാക്കളും പുറംരാജ്യങ്ങളില്‍ വച്ച് ഐഎസിലേക്ക് വ്യാപകമായി റിക്രൂട്ട് ചെയ്യപ്പെട്ടെന്ന വിവരം റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) തന്നെസുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. മലയാളി യുവാക്കളും ഐഎസില്‍ ചേര്‍ന്നുവെന്ന ചില വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും കേരളത്തിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ അത് സ്ഥിരീകരിച്ചിട്ടില്ല.

തെക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഭീകരവാദത്തിന്റെ വേരുകള്‍ ശക്തമാണെന്ന വിലയിരുത്തലിലാണ് ഇന്റലി!ജന്‍സ് ഏജന്‍സികള്‍. വിദേശത്തേക്ക് തൊഴില്‍തേടി പോകുന്നവരുടെ എണ്ണവും ഈ മേഖലയില്‍ നിന്ന് കൂടുതലാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരെ പോലും വലയിലാക്കുന്ന ഐഎസിന്റെ തന്ത്രം സൂക്ഷ്മതയോടെ നിരീക്ഷിക്കണമെന്നതാണ് നിര്‍ദേശം. ‘ആഭ്യന്തര ജാഗ്രത എന്ന വിഷയത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ഏറ്റവും പുതിയ വിശദാശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. നിലവിലുള്ള ഭീകരവിരുദ്ധ നിയമം നടപ്പാക്കുന്നതിലുള്ള തടസങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വിശദാശംങ്ങളും സംസ്ഥാനങ്ങള്‍ നല്‍കണം. ഭീകരവാദത്തിന്റെ പുതിയരീതികളെ അമര്‍ച്ചചെയ്യാന്‍ സുരക്ഷാ രൂപരേഖയും തയാറാക്കാനാണ് കേന്ദ്രം അടിയന്തരമായി ലക്ഷ്യമിടുന്നത്.

© 2024 Live Kerala News. All Rights Reserved.