മന്ത്രി ജി. സുധാകരന് എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല; മന്ത്രി ടിപി രാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ താത്കാലിക ചുമതല മന്ത്രി ജി.സുധാകരന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നെഞ്ചുവേദനയെ തുടര്‍ന്ന ആശുപത്രിയില്‍ ചികിത്സയിലായ സാഹചര്യത്തിലാണ് ജി സുധാകരന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജി. സുധാകരന്‍. മദ്യനയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ജി സുധാകരന് അധിക ചുമതല. കഴിഞ്ഞ ദിവസമാണ് ടി പി രാമകൃഷ്ണനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. സൂപ്പര്‍സ്‌പെഷാലിറ്റി ഐ.സി.യുവിലെ വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് ചൊവ്വഴ്ച വൈകീട്ടേ അഭിപ്രായം പറയാനാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രിയെ ചികിത്സിക്കുന്നതിനായി പ്രിന്‍സിപ്പല്‍ ഡോ. വി.പി. ശശിധരന്റെ നേതൃത്വത്തില്‍ ഡോ. സി.ജി. സജീവ് (കാര്‍ഡിയോളജി വിഭാഗം മേധാവി), ഡോ. ജി. രാജേഷ്, ഡോ. കെ.എം. കുര്യാക്കോസ് (തൊറാസിക് സര്‍ജറി മേധാവി), ഡോ. സജിത്ത് കുമാര്‍ (മെഡിസിന്‍ വിഭാഗം) എന്നിവരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് വീട്ടില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, മന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.