മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആരെയും ക്ഷണിച്ചിട്ടില്ല; മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെട്ടു; ഗവര്‍ണര്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചുവെന്ന വാര്‍ത്ത തള്ളി ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനോട് സ്ഥാനം രാജിവയ്ക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. തൂക്കുസഭ വന്നതിനാല്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇബോബി സിങ് ഞായറാഴ്ച രാത്രി ഗവര്‍ണറെ കണ്ടിരുന്നു. അപ്പോഴാണ് ചട്ടപ്രകാരം രാജി സമര്‍പ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴിയൊരുക്കാന്‍ ഗവര്‍ണര്‍ ഇബോബി സിങ്ങിനോട് ആവശ്യപ്പെട്ടത്. നേരത്തെ, മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇബോബി സിങ്ങിനെ ഗവര്‍ണര്‍ ക്ഷണിച്ചതായി വാര്‍ത്ത വന്നിരുന്നു. ശനിയാഴ്ചയ്ക്കു മുന്‍പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ ഒക്രം ഇബോബി സിങ്ങിനോട് ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് മണിപ്പുരില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.മണിപ്പൂരിലെ 60 അംഗ സഭയില്‍ 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഒറ്റകക്ഷിയായെങ്കിലും ഇതുവരെ മറ്റാരുടെയും പിന്തുണ ലഭിച്ചിട്ടില്ല.21 സീറ്റ് നേടിയ ബി.ജെ.പിക്ക് നാല് സീറ്റുകളുള്ള നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിയും ഒരു സീറ്റുള്ള ലോക് ജന്‍ശക്തി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് സീറ്റുള്ള നാഗ പീപ്ള്‍സ് ഫ്രണ്ട് കോണ്‍ഗ്രസ് ഒഴികെ ഏത് പാര്‍ട്ടിയെയും പിന്തുണക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.