അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പ് ശക്തം; നാലു പേര്‍ക്ക് പരുക്ക്

ജമ്മു: പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ ജമ്മുവിലെ ഇന്ത്യപാക്ക് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ്. ആര്‍എസ് പുര സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് അഞ്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ബിഎസ്എഫ് ജവാന്‍മാരും പാക്ക് റേഞ്ചര്‍മാരും തമ്മില്‍ ശക്തമായി ഏറ്റുമുട്ടലുണ്ടായതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബുധനാഴ്ച പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. രണ്ട് ബിഎസ്എഫ് ജവാന്‍മാരടക്കം നാലു പേര്‍ക്കു പരുക്കേറ്റിരുന്നു. മോട്ടോര്‍ ഷെല്‍ പതിച്ചാണ് യുവതി കൊല്ലപ്പെട്ടത്. ജില്ലയിലെ അഖ്‌നൂര്‍ സെക്ടറിലുള്ള മോലു പോസ്റ്റിലേക്ക് രാവിലെ ഒന്‍പതുമണി മുതല്‍ പാക് റേഞ്ചര്‍മാര്‍ വെടിവെയ്ക്കുകയായിരുന്നു. പാക്ക് വെടിവെയ്പ്പിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. എന്നാല്‍ പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയുടെ ഡ്രോണ്‍ പാക്ക് അതിര്‍ത്തിയില്‍ കടന്ന കാര്യം പാക്കിസ്ഥാനും ചൂണ്ടിക്കാണിച്ചു. ഇന്ത്യ ചാരപ്രവര്‍ത്തിക്കായാണ് ഈ ഡ്രോണ്‍ ഉപയോഗിച്ചതെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍ ഇന്ത്യ ഇക്കാര്യം തള്ളി. ഇസ്!ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ നേരിട്ട് വിളിച്ചുവരുത്തിയാണ് പാക്കിസ്ഥാന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്

© 2024 Live Kerala News. All Rights Reserved.