ന്യൂഡൽഹി: കാർഗിൽ യുദ്ധസമയത്തെ പാക് സേനയുടെ ക്രൂരതയ്ക്കതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന് കേന്ദ്രസർക്കാർ. നേരത്തെ ഇക്കാര്യത്തിൽ രാജ്യാന്തര കോടതിയെ സമീപിക്കില്ലെന്ന സർക്കാർ നിലപാട് വിവാദമായിരുന്നു. സുപ്രീം കോടതിയുടെ അനുമതി കിട്ടിയാൽ അന്താരാഷ്ട്ര കോടതിയിൽ പോകുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. അന്താരാഷ്ട്ര കോടതിയിൽ അന്വേഷണം ആവശ്യപ്പെട്ട് വീരചരമം പ്രാപിച്ച ക്യാപ്റ്റൻ സൗരബ് കാലിയയുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച പരാതിയിലാണ് മോദി സർക്കാരിന്റെ പ്രതികരണം.
ക്യാപ്ടൻ സൗരബ് കാലിയ, അർജുൻരാം ബസ്വാന, മുല്ലാറാം ബിദിയാസർ, നരേഷ് സിംഗ് സിൻസിൻവർ, ബൻവർലാൽ ബഗേറിയ, ബികാ രാം മുദ് എന്നിവരടങ്ങുന്ന 4 ജാട്ട് റജിമെന്റിലെ ജവാൻമാരാണ് പീഡനങ്ങൾക്കിരയായി ജീവൻ നഷ്ടപ്പെട്ടത്.
1999 മെയിൽ ടെറയ്ൻ മേഖലയിലെ പട്രോളിംഗ് സമയത്താണ് ഇവർ പാക് സേനയുടെ പിടിയിലകപ്പെട്ടത്. 22 ദിവസത്തെ ക്രൂരതയ്ക്കൊടുവിലാണ് പാക് സേന ഇവരുടെ ശരീരം വിട്ടുകൊടുക്കാൻ തയ്യാറായത്.
ചുട്ടു പഴുത്ത ഇരുമ്പുവടി ചെവിയിൽ കയറ്റിയും കണ്ണിൽ തുളയിട്ടും ലൈംഗികാവയവങ്ങൾ മുറിച്ചു മാറ്റിയും ഇവർക്കെതിരെ നടത്തിയ പീഡനങ്ങൾ ജനീവാ കൺവെൻഷന്റെ ലംഘനമാണ്.