മറൈന്‍ഡ്രൈവില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം; പോലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച്മുഖ്യമന്ത്രി; ഗുണ്ടകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും; ചുംബന സമരത്തിന് ആഹ്വാനവുമായി കിസ് ഓഫ് ലൗ

തിരുവനന്തപുരം: കൊച്ചി മറൈന്‍ഡ്രൈവില്‍ ഇന്നലെ നടന്ന ശിവസേനക്കാരുടെ സദാചാര ഗുണ്ടായിസത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പിണറായി വിജയന്‍. സദാചാര ഗുണ്ടകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരെയും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.സംഭവം പോലീസിന്റെ വീഴ്ചയാണെന്ന പ്രതിപക്ഷത്തിന്റെ നിലപാടിനോട് യോജിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഷയത്തില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് ശിവസേനക്കാരെ തടഞ്ഞില്ലെന്നും പിണറായി പറഞ്ഞു.സ്ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചെന്നും പൊലീസിന്റേത് ഗുരുതര കുറ്റമാണെന്നും പിണറായി വ്യക്തമാക്കി.സംഭവത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. നോട്ടീസ് നല്കിയത് ഹൈബി ഈഡന്‍ എംഎല്‍എയായിരുന്നു. എസ്‌ഐ യെ സസ്‌പെന്റ് ചെയ്യുകയും പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്ത നടപടികള്‍ കൊണ്ട് പാളിച്ച പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
ശിവസേനാ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം നാലു മണിക്ക് മറൈന്‍ ഡ്രൈവില്‍ ചുംബന സമരത്തിന് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.