ദൈവത്തിന്റെ പ്രതിനിധിയില്‍ നിന്നുണ്ടായത് മഹാ അപരാധം;വൈദികന് ക്രിമിനല്‍ മനസ് ;കൊട്ടിയൂരിലെ ബലാത്സംഗക്കേസിലെ വൈദികനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരംന്മ കൊട്ടിയൂരില്‍ 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവത്തിന്റെ പ്രതിനിധിയില്‍ നിന്നുണ്ടായതു മഹാഅപരാധമാണ്. കുറ്റവാളിയായ വൈദികന്റേതു ക്രിമിനല്‍ മനസാണ്. പ്രതി എത്ര ഉന്നതനായിരുന്നാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതി രാജ്യം വിടാതിരിക്കാന്‍ സഹായിച്ചത് പൊലീസിന്റെ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാര്‍ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികള്‍ ആരായാലും രക്ഷപ്പെടില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ തന്നെ വാങ്ങിനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി പറഞ്ഞു. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുമെന്നും പിണറായി പറഞ്ഞു.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കഴിഞ്ഞ മാസമാണ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍വച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നതാണു കേസ്. കൂത്തുപറമ്പിലെ ആശുപത്രിയില്‍ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതോടെയാണു വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവിനുമേല്‍ കുഞ്ഞിന്റെ പിത്യത്വം കെട്ടിവയ്ക്കാനും പണം നല്‍കി കേസ് ഒതുക്കാനും ശ്രമം നടന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.