ഇടുക്കിയില്‍ ഹൃദ്രോഗിയായ കര്‍ഷകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; മൂത്രം കുടിപ്പിച്ചതായും പരാതി

ഇടുക്കി: ചെറുതോണിയില്‍ അയല്‍വാസിയുമായുള്ള വഴിതര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ഹൃദ്രോഗിയായ കര്‍ഷകനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.കര്‍ഷകനെ പോലീസുകാര്‍ മൂത്രം കുടിപ്പിച്ചതായും പരതിയില്‍ പറയുന്നു. മരിയാപുരം വെളിയാംകുന്നത്ത് ഷിബു ഗോപാല(55)നാണ് പോലീസിന്റെ ക്രൂരമര്‍ദനമേറ്റത്. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷിബുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടുക്കി തങ്കമണി പോലീസ് സ്‌റ്റേഷനിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. സ്വകാര്യ വ്യക്തിയുമായി ഷിബുവിന് വഴിതര്‍ക്കം ഉണ്ടായിരുന്നു. ഇയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച ഷിബുവിന്റെ വീട്ടിലെത്തിയ പോലീസുകാര്‍ ഷിബുവിനോട് ജീപ്പുമായി സ്‌റ്റേഷനിലേക്ക് ചെല്ലാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ടാകാത്തതിനാല്‍ ജീപ്പില്ലാതെയാണ് ഷിബു സ്‌റ്റേഷനില്‍ ചെന്നത്. ഇതേ ചൊല്ലിയാണ് പൊലീസുകാര്‍ മര്‍ദ്ദനം തുടങ്ങിയത്.മുഖത്ത് അടിയേറ്റ് നിലത്തുവീണ ഷിബുവിനെ പോലീസുകാര്‍ ചുറ്റും കൂടിനിന്ന് ചവിട്ടി. വയറിന്റെ ഇരുവശത്തും കൈകോര്‍ത്തുപിടിച്ച് ഉയര്‍ത്തിനിര്‍ത്തി മര്‍ദിക്കുകയും അസഭ്യ പറയുകയും ചെയ്തു. അവശനിലയില്‍ ആയ ഷിബു വെള്ളം ചോദിച്ചപ്പോള്‍ പോലീസുകാര്‍ മൂത്രം നല്‍കിയെന്നുമാണ് പരാതി.അവശനിലയില്‍ ആയതോടെ പോലീസ് രഹസ്യമായി ഷിബുവിനെ കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ചികിത്സ നല്‍കി. തിരികെ സ്‌റ്റേഷനില്‍ കൊണ്ടുപോയി ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ ഇരുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ഷിബു റോഡില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകണ്ണിനും തലയ്ക്കും ദേഹത്ത് പലയിടത്തും ഷിബുവിന് ക്ഷതമേറ്റിട്ടുണ്ട്. പൊലീസ് മര്‍ദ്ദനത്തില്‍ ഷിബുവിന്റെ ഭാര്യ ലത പോലീസ് സൂപ്രണ്ടിനും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഡി.ജി.പിക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കി. എന്നാല്‍ ഷിബുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും വഴിത്തര്‍ക്കം അന്വേഷിക്കുന്നതിന് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുക മാത്രമാണ് ചെയ്തതെന്നും തങ്കമണി എസ്.ഐ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.