കോഴിക്കോട്: മിഠായിത്തെരുവില്‍ നടന്ന തീപിടുത്തം അട്ടിമറിയാണെന്ന ആരോപണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. മിഠായിത്തെരുവിലെ എല്ലാ തീപിടുത്തങ്ങളും അട്ടിമറിയാണെന്നും ഇത്തവണ ഉണ്ടായ തീപിടുത്തവും യാദൃശ്ചികമല്ലെന്നും വരും വര്‍ഷങ്ങളിലും തീപിടുത്തം ഉണ്ടാകുമെന്നും സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി.കട കത്തിച്ചതാണെന്നും തീ വെച്ച ശേഷം ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്നു വിവരമുണ്ട്. കടയ്ക്ക് പിന്നില്‍ ഒഴിഞ്ഞ ഇടമുണ്ടെങ്കില്‍ കട കത്തിയിരിക്കുമെന്ന അവസ്ഥയാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതിന് കാരണം സംഭവം അട്ടിമറിയായതിനാലാണ്. ആറു തവണ മിഠായിത്തെരുവില്‍ തീപിടുത്തം ഉണ്ടായിട്ടുണ്ട്. അന്നെല്ലാം അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു. എന്നാല്‍ ഒരു റിപ്പോര്‍ട്ട് പോലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 22നാണ് മിഠായിത്തെരുവില്‍ മാനാഞ്ചിറ ഭാഗത്ത് രാധ തിയറ്ററിനടുത്തുളള മോഡേണ്‍ എന്ന തുണിക്കടയില്‍ തീ പടര്‍ന്നത്. പിന്നീട് സമീപത്തെഅഞ്ച് കടകളിലേക്ക് കൂടി തീ പടരുകയായിരുന്നു. ആറു ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.