പേരാവൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയിലായ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കും ചേരി കുറ്റം സമ്മതിച്ചു.പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ(48) സംഭവവുമായി ബന്ധപ്പെട്ടു ഇന്നലെ വൈകിട്ടാണ് പൊലീസ് പിടികൂടിയത്. അങ്കമാലിയില്‍ നിന്ന് പിടിയിലായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കേളകം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഈ മാസം 26നാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട് വൈദികനെതിരെ കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് ചുമത്തിയതോടെ വിചാരണകഴിയുംവരെ ജാമ്യം ലഭിക്കില്ലെന്നും ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ശാരീരിക പരിശോധനകള്‍ക്കു വിധേയമാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും പണം നല്‍കി കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമമുണ്ടായി. കുട്ടിയുടെ പ്രസവം നടന്ന വിവരം മറച്ച് വെച്ച ആശുപത്രിക്കെതിരെയും കുറ്റകൃത്യം മറച്ചുവെച്ചവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. 20 ദിവസങ്ങള്‍ക്കുമുന്‍പ് പതിനാറുകാരിയായ പെണ്‍കുട്ടി കൂത്തുപറമ്പിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിത്തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്കു മാറ്റുകയും ചെയ്തു. ജില്ലാ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച വിവരത്തെത്തുടര്‍ന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. ഭയംമൂലവും പള്ളിവികാരിയെ സംഭവത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയും പെണ്‍കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യം സ്വന്തം പിതാവിന്റെ പേരാണ് പറഞ്ഞത്. മൊഴികളില്‍ ആശയക്കുഴപ്പം തോന്നിയ പൊലീസ് വിശദമായി തിരക്കിയപ്പോഴാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16കാരി കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒളിവില്‍ കഴിയുകയായിരുന്ന പള്ളിവികാരി റോബിന്‍ വടക്കുംചേരിയെ എറണാകുളം അങ്കമാലിയില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ജില്ല പൊലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രതീഷ് തോട്ടത്തില്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം. അന്വേഷണ ചുമതല പേരാവൂര്‍ സി.ഐ സി. സുനില്‍കുമാറിനാണ്.