സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് മുഖ്യമന്ത്രി:സെന്‍കുമാര്‍ യുഡിഎഫ് താവളം വിട്ട് പുതിയ താവളം തേടുന്നു; ബിജെപിയിലേക്ക് മുഖ്യമന്ത്രി ആളെക്കൂട്ടണ്ടെന്നും ചെന്നിത്തല

തിരുവനന്തപുരം:മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പിണറായി പറഞ്ഞു. സെന്‍കുമാര്‍ യുഡിഎഫ് താളയം വിട്ട് പുതിയ താവളം തേടിയിരിക്കുകയാണ്.സെന്‍കുമാര്‍ ഉന്നയിക്കുന്നത് പ്രതിപക്ഷത്തെക്കാള്‍ കടുത്ത ആരോപണമാണ്. അദ്ദേഹത്തിന്റെ സംസാരം ഡിജിപി സ്ഥാനത്തിരുന്നയാള്‍ക്ക് ചേര്‍ന്നതല്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.സെന്‍കുമാര്‍ കളിക്കുന്നത് യുഡിഎഫിനു വേണ്ടിയല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പല കേസുകളും നിഷ്പക്ഷമായി തെളിയിച്ച ഉദ്യോഗസ്ഥനാണ് സെന്‍കുമാറെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിനെതിരായ സഭയിലെ മുഖ്യമന്ത്രിയുടെ പരമാര്‍ശം ഒഴിവാക്കാമായിരുന്നു. ബിജെപിയിലേക്ക് മുഖ്യമന്ത്രി ആളെക്കൂട്ടണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്നു സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണു പ്രതികാര നടപടിയുണ്ടായത്. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തതെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.