ദമാമില്‍ മലയാളി സഹോദരങ്ങള്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

ദമാം: ദമാമില്‍ സഹോദരങ്ങളായ രണ്ട് മലയാളി കുട്ടികള്‍ ഉള്‍പെടെ മൂന്നു കുട്ടികള്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ദമാം ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ നീന്തല്‍ക്കുളത്തില്‍ കുട്ടികള്‍ മുങ്ങിമരിച്ചത്. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്തു നവാസ് ബഷീര്‍സൗമി ദമ്പതികളുടെ മക്കളായ സൗഫാനും (4) സൗഹാനും (6) ഗുജറാത്തി ബാലന്‍ ഹര്‍ദും(6) ആണ് മരിച്ചത്.
കുട്ടികളും രക്ഷിതാക്കളും താമസിച്ചിരുന്ന കോമ്പൗണ്ടിനകത്താണ് നീന്തല്‍കുളം. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന നീന്തല്‍ക്കുളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയേത്തുടര്‍ന്ന് വെള്ളം നിറഞ്ഞിരുന്നു. നീന്തല്‍ക്കുളത്തില്‍ മഴവെള്ളം നിറഞ്ഞത് കാണാനെത്തിയ കുട്ടികള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാമെന്നാണ് നിഗമനം. സൗഹാന്‍ ദമാം ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് സഹോദരന്‍ സൗഫാന്‍. ദമാം മെഡിക്കല്‍ സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

© 2025 Live Kerala News. All Rights Reserved.