ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യുമെന്ന് എബിവിപിക്കാര്‍ ഭീഷണിപ്പെടുത്തിയതായി കാര്‍ഗില്‍ രക്തസാക്ഷിയായ സൈനികന്റെ മകള്‍.എബിവിപിക്കെതിരായ ഓണ്‍ലൈന്‍ ക്യാംപെയിന്‍ നടത്തിയ ഡല്‍ഹി ലേഡി ശ്രീറാം കോളജ് വിദ്യാര്‍ഥിനിയായ ഗുര്‍മേഹര്‍ കൗറിനുനേരെയാണു ഭീഷണിപ്രവാഹം. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളാണ് ഗുര്‍മേഹര്‍ കൗര്‍. ഡല്‍ഹിയിലെ റാംജാസ് കോളജില്‍ നടക്കുന്ന സെമിനാറില്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ക്ഷണിച്ചതിലുള്ള എബിവിപിയുടെ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിനെതിരെയാണു ഗുര്‍മേഹര്‍ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ നടത്തിയത്.സമൂഹമാധ്യമം വഴി ദിവസവും വളരെയധികം ഭീഷണികളാണു വരുന്നതെന്ന് ഗുര്‍മേഹര്‍ അറിയിച്ചു. തന്നെ ദേശദ്രോഹി എന്നു വിളിച്ചും മറ്റും ഭീഷണി വരുന്നു. അക്രമം, മാനഭംഗം തുടങ്ങിയ അതിക്രമങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിയുണ്ട്. സമൂഹമാധ്യമത്തിലെ തന്റെ പ്രൊഫൈല്‍ ചിത്രത്തിനു താഴെയായി കമന്റുകളായാണ് ഭീഷണി വരുന്നത്. ഒരു കമന്റില്‍ രാഹുല്‍ എന്നയാള്‍ തന്നെ മാനഭംഗം ചെയ്യുന്നതെങ്ങനെയെന്നു വിശദീകരിച്ചിട്ടുമുണ്ട്. ഇതു പേടിപ്പെടുത്തുന്നതാണ്, ഗുര്‍മേഹര്‍ കൂട്ടിച്ചേര്‍ത്തു.സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഗുര്‍മേഹറിന്റെ പ്രതിഷേധം. ഞാൻ എബിവിപിയെ ഭയപ്പെടുന്നില്ല. ഞാൻ തനിച്ചല്ല. ഇന്ത്യയിലെ എല്ലാ വിദ്യാർഥികളും എനിക്കൊപ്പമുണ്ട്. ഇങ്ങനെയെഴുതിയ കുറിപ്പുമായായിരുന്നു ഗുർമേഹറിന്റെ പ്രതിഷേധം.