കോന്നി പെണ്‍കുട്ടികളുടെ മരണം: അധോലോക ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: കോന്നിയിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ അധോലോക ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ഊര്‍ജിതമായി തുടരുന്നു. സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നു. ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യ കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. ലുക്ക് ഔട്ട് നോട്ടീസ് തയാറാക്കിയത് മാതാപിതാക്കളുടെ സമ്മതത്തോടെയാണ്. പൊലീസ് ഇത് സമൂഹമാധ്യമങ്ങളില്‍ നല്‍കിയിട്ടില്ലെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ !ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

അതേസമയം, ട്രെയിന്‍ അപകടത്തില്‍പെട്ട കോന്നിയിലെ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റുമോര്‍ട്ടത്തിന്റെയും ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ശരീര പരിശോധനയുടെയും പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. ശാരീരകബന്ധത്തിന്റെയൊ ബലപ്രയോഗം നടന്നതിന്റെയോ തെളിവുകള്‍ കണ്ടെത്തിയില്ല. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പൊലീസിനെ ഇക്കാര്യം വാക്കാല്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ അപകടത്തില്‍പെട്ട ഒറ്റപ്പാലത്ത് പൊലീസ് പരിശോധന നടത്തും. അതേസമയം പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ അടുത്ത 24 മണിക്കൂര്‍ അതീവനിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.