ആലപ്പുഴ: ആലപ്പുഴ സായി സെന്ററില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച്. വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആര്യാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയും ആലപ്പുഴ സ്വദേശിയുമായ അപര്‍ണയും മറ്റ് മൂന്നു പേരുമാണ് മേയ് മാസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അപര്‍ണ പിന്നീട് മരണപ്പെടുകയായിരുന്നു.
ആത്മഹത്യാ ശ്രമം നടത്തിയ പെണ്‍കുട്ടികള്‍ പൊലീസിനും മജിസ്‌ട്രേട്ടിനും നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിയര്‍ ഉപയോഗിച്ചതായി പെണ്‍കുട്ടികള്‍ മജിസ്‌ട്രേട്ടിന് മുന്പാകെ മൊഴി നല്‍കി. എന്നാല്‍, ഇക്കാര്യം അവര്‍ പൊലീസില്‍ നിന്ന് മറച്ചുവച്ചു. ബിയര്‍ ഉപയോഗിച്ചതിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ഇത് ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്നും അതിനാല്‍ തന്നെ കേസെടുക്കാന്‍ കഴിയില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.