പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍; താന്‍ നിരപരാധിയാണെന്നും കേസില്‍ മനപൂര്‍വം കുടുക്കിയെന്നും സുനി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍.
താന്‍ നിരപരാധിയാണെന്നും കേസില്‍ മനപൂര്‍വം കുടുക്കിയെന്നും സുനി പറയുന്നത്. തനിക്ക് നീതി കിട്ടണമെന്നും സുനി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നു. സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പിടിയിലാകാനുള്ള ജിജിഷും മണികണ്ഠനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാമെന്നും കോടതി പറയുന്ന എല്ലാ വ്യവസ്ഥകളും അംഗീകരിക്കാമെന്നും സുനി ജാമ്യാപേക്ഷയില്‍ പറയുന്നു. ഇന്ന് രാവിലെ പൊലീസിന്റെ കൈയില്‍ നിന്നും തലനാരിഴയ്ക്കാണ് ഡ്രൈവര്‍ സുനി രക്ഷപ്പെട്ടത്. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍ നിന്നാണ് സുനി കൂട്ടാളിക്കൊപ്പം രക്ഷപ്പെട്ടത്. സുനി അവിടെയുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു രക്ഷപ്പെടല്‍. സുനിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം. കാക്കാഴം സ്വദേശിയായ യുവാവില്‍നിന്നു പണം വാങ്ങി. ഈ പണവുമായാണു രക്ഷപ്പെട്ടത്. സുനി ഇവിടെയെത്തുമെന്ന് വിവരം ലഭിച്ച പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും സുനി അവിടെ നിന്നും രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതില്‍നിന്നു കേരളത്തില്‍ സുനി ഒളിവില്‍ കഴിയാന്‍ ഇടയുളള കേന്ദ്രങ്ങളെ കുറിച്ചു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം.

© 2024 Live Kerala News. All Rights Reserved.