ഭീകരബന്ധം സംശയിച്ച് ഇന്ത്യക്കാരനുള്‍പ്പെടെ 20 വിദേശികള്‍ ചൈനയില്‍ അറസ്റ്റില്‍

 

ബെയ്!ജിങ്: നിരോധിത ഭീകരസംഘടനയുടെ വിഡിയോ കണ്ടതിന് ഇന്ത്യക്കാരനടക്കം 20 വിദേശ വിനോദ സഞ്ചാരികളെ ചൈന അറസ്റ്റു ചെയ്തു. ഇവര്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ബ്രിട്ടന്‍ വിദേശകാര്യ ഓഫിസിനെയും ദക്ഷിണാഫ്രിക്കന്‍ സന്നദ്ധസംഘടനയെയും ഉദ്ധരിച്ചുവന്ന റിപ്പോര്‍ട്ടാണിത്. അതേസമയം, ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ടതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍ ചൈനീസ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ചൈനയിലെ ഇന്നര്‍ മംഗോളിയ മേഖലയിലെ ഒര്‍ഡോസ് നഗരത്തില്‍ നിന്നാണ് വിനോദ സഞ്ചാരികളെ അറസ്റ്റ് ചെയ്തത്. ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ളവരാണ് പിടിയിലായവരില്‍ അധികവും. ഹോട്ടല്‍ മുറിയില്‍വച്ച് നിരോധിത ഭീകര സംഘടനയുടെ വിഡിയോ കണ്ടവരെയാണ് പിടികൂടിയതെന്ന് ചൈനയിലെ ഒരു സന്നദ്ധ സംഘടന വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.ഇതില്‍ 11 പേരെ വിട്ടയയ്ക്കാമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ഇന്നര്‍ മംഗോളിയയിലെ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും ദക്ഷിണാഫ്രിക്കന്‍ സന്നദ്ധ സംഘടനായ ഗിഫ്റ്റ് ഓഫ് ദി ഗിവേഴ്‌സ് ഫൗണ്ടേഷന്‍ അറിയിച്ചു.

47 ദിവസത്തെ വിനോദസഞ്ചാരത്തിനായാണ് സംഘം ചൈനയിലെത്തിയത്. അഞ്ച് ദക്ഷിണാഫ്രിക്കക്കാരും മൂന്നു ബ്രിട്ടിഷുകാരെയും ഇന്ത്യക്കാരനെയും തടവില്‍ വയ്ക്കുമെന്ന് ചൈന അറിയിച്ചതായി സന്നദ്ധ സംഘടന അറിയിച്ചു. ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ചിരുന്നുവെന്നും അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ബ്രിട്ടന്റെ വിദേശകാര്യ വക്താവ് പറഞ്ഞു.

പിടിയിലായവര്‍ക്ക് ഭീകരവാദ ബന്ധമൊന്നും ഇല്ലെന്നും ഇവര്‍ക്കെതിരെ സ്വദേശങ്ങളില്‍ കേസുകളൊന്നും നിലവിലില്ലെന്നും സന്നദ്ധ സംഘടന പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.