നടിക്കെതിരായ ആക്രമണം;പള്‍സര്‍ സുനിക്കായി അന്വേഷണം ഊര്‍ജിതം; പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്ന് പൊലീസ്

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിക്കായി അന്വേഷണം ഊര്‍ജിതമാക്കി സംസ്ഥാന പൊലീസ്. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം.പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്. കൂടാതെ, കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കക്കായം സ്വദേശി അന്‍വറിനെ ആലുവയിലെത്തിച്ചു ചോദ്യംചെയ്യുകയാണ്. അതേസമയം, സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറു പേര്‍ കൂടി കേസില്‍ പ്രതികളാകും. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പള്‍സര്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണു മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പൊലീസിനു ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം. കാക്കാഴം സ്വദേശിയായ യുവാവില്‍നിന്നു പണം ആവശ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും പള്‍സര്‍ സുനിയിലേക്ക് എത്താനുള്ള സൂചനകള്‍ ഒന്നും ലഭിച്ചില്ല. സംഭവ ശേഷം പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനങ്ങളെ കുറിച്ചും പൊലീസ് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതില്‍നിന്നു കേരളത്തില്‍ സുനി ഒളിവില്‍ കഴിയാന്‍ ഇടയുളള കേന്ദ്രങ്ങളെ കുറിച്ചു പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. നെല്‍സണും സുനിക്ക് പണം നല്‍കി സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേര്‍ കൂടി കേസില്‍ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു.

© 2023 Live Kerala News. All Rights Reserved.