കോന്നി സംഭവം: ലൈംഗികമായി ചൂഷണം നടന്നില്ലെന്ന് പോലീസ്

കോന്നി: ഒറ്റപ്പാലത്ത് അപകടത്തില്‍ പെട്ട കോന്നിയിലെ പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ നടത്തിയ പരിശോധനകളുടെ വെളിച്ചത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.

ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്പറയുന്നു. പെണ്‍കുട്ടികളുടെ യാത്രകള്‍ സംബന്ധിച്ച ദുരൂഹത നിലനില്‍ക്കുമ്പോഴാണ് പോസ്റ്റ്മാര്‍ട്ടത്തിലെയും വൈദ്യ പരിശോധനയിലെയും പ്രാഥമിക നിഗമനങ്ങള്‍ പുറത്തുവരുന്നത്.

മരിച്ച പെണ്‍കുട്ടികളും ചികിത്സയില്‍ കഴിയുന്ന കുട്ടിയും ലൈംഗീക ചൂഷണത്തിന് ഇരയായിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ലൈംഗീക ചൂഷണമുണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. മരിച്ച പെണ്‍കുട്ടികളും ലൈംഗീക ചൂഷണത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ വാക്കാല്‍ അറിയിച്ചിരിക്കുന്നത്.

ബല പ്രയോഗം നടന്നതിന്റെ സൂചനകളില്ലെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ അവധിയായതിനാല്‍ വിശദ റിപ്പോര്‍ട്ട് നാളെയാവും അന്വേഷണ സംഘത്തിന് കൈമാറുക.. അതിനു ശേഷമേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കാണിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ ന്യൂറോ സര്‍ജറി വിഭാഗം വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും തലച്ചോറിനേറ്റ ക്ഷതവും ആശങ്കയുണ്ടാക്കുന്നുണ്ട്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ ഇന്നലെ കോന്നി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ സംഘം മടങ്ങി. ഒറ്റപ്പാലത്തെത്തിയ അന്വേഷണ സംഘം ഇന്ന് ബംഗലൂരുവിലേക്ക് പോകും.

എന്നാല്‍ വീട്ടിലെ സാമ്പത്തിക ഞെരുക്കം മൂലമാണ് കോന്നിയിലെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന പൊലീസ് വാദം തള്ളിക്കളയുകയാണ് നാട്ടുകാര്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കിട്ടുന്നതിന് മുന്‍പ് ഐ.ജി. മനോജ് എബ്രഹാം ഇത്തരത്തില്‍ പ്രതികരിച്ചത് മുന്‍വിധിയോടെയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

പെണ്‍കുട്ടികളുടെ തിരോധാനത്തിനും മരണത്തിനും പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന സംശയമാണ് നാട്ടുകാര്‍ക്ക്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയും കുടുംബപ്രശ്‌നങ്ങളുമാണ് കോന്നിയിലെ പെണ്‍കുട്ടികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു ഐ.ജി. മനോജ് എബ്രഹാം ഇന്നലെ പറഞ്ഞത്.

വാട്‌സ് ആപ്പും ഫേസ് ബുക്കും പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ സൗഹൃദം മരണത്തിന് കാരണമല്ലെന്ന് കരുതുന്നതായും ഐ.ജി. പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളുകയാണ് ആതിരയുടേയും ആര്യയുടേയും രാജിയുടേയും നാട്ടുകാര്‍.

ഐ.ജിയുടെ കണ്ടെത്തലുകള്‍ മുന്‍വിധിയോടെയാണെന്നും ഇവര്‍ ആരോപിക്കുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ചതിക്കുഴികളില്‍ വീണിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.