ജിഷ്ണുവിന്റെ മരണം;കോളെജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം;ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്കായി നല്‍കി;ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷ

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘം കോളെജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍് ശ്രമം തുടങ്ങി. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഹാര്‍ഡ് ഡിസ്‌ക് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.ജിഷ്ണു മരിച്ച ദിവസത്തെയും തൊട്ടടുത്ത ദിവസത്തെയും കോളെജിലെ മൂന്ന് മുറികളിലെ സിസിടിവി ദൃശ്യങ്ങളാണ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ കേസ് അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പിആര്‍ഒ എന്നിങ്ങനെ മൂന്നുപേരുടെ മുറികളിലെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ ലഭ്യമല്ലാത്തത്. ഇന്നലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ക്കായി അന്വേഷണം നടത്തുന്നത്. ഈ മൂന്ന് മുറികളില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. കോളെജില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം പിടിച്ചെടുത്ത് ഫോറന്‍സിക് ലാബിന് കൈമാറിയിട്ടുണ്ട്.വ്യാഴാഴ്ച നടന്ന ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ജിഷ്ണുവിനേറ്റ മര്‍ദ്ദനത്തിന്റെ തുടര്‍ച്ചയാണോ ഈ രക്തക്കറ എന്നറിയാനായി ഫോറന്‍സിക്കിന്റെ വിശദ പരിശോധന നടക്കുകയാണ്. പിആര്‍ഒയുടെ മുറിയ്ക്ക് പുറമെ ജിഷ്ണു മരിച്ചു കിടന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. രക്തക്കറ ജിഷ്ണുവിന്റേതാണെങ്കില്‍ അത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ ഉണ്ടായിരുന്നതാണ് ജിഷ്ണു മര്‍ദ്ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയത്. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ മൂലം അടഞ്ഞുകിടന്ന നെഹ്‌റു ഗ്രൂപ്പിന്റെ പാമ്പാടി, ലക്കിടി എന്നിവിടങ്ങളിലെ കോളെജുകളില്‍ ഇന്നുമുതലാണ് വീണ്ടും ക്ലാസുകള്‍ ആരംഭിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.