‘ പുലയന് ‘ എന്ന് പേരിട്ടതിന് കോളേജ് മാഗസിന് മാനേജ്‌മെന്റിന്റെ വിലക്ക്;പുലയന്‍ എന്ന പദം ഉപയോഗിക്കുന്നതിന് കോടതി വിലക്കുണ്ടെന്ന് വിശദീകരണം

കല്‍പ്പറ്റ: ‘ പുലയന് ‘ എന്ന് പേരിട്ടതിനാല്‍ കോളേജ് മാഗസിന് വിലക്കേര്‍പ്പെടുത്തി വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ കീഴിലുളള കൂളിവയല്‍ ഇമാം ഗസാലി കോളേജ് അധികൃതര്‍. എന്നാല്‍ പുലയന്‍ എന്ന പദം ഉപയോഗിക്കുന്നതിന് കോടതി വിലക്കുണ്ടെന്നും പ്രസിദ്ധീകരിച്ചാല്‍ കോളേജിന്റെ അഫിലിയേഷന്‍ അടക്കം റദ്ദാക്കുമെന്ന് പറഞ്ഞാണ് മാനേജ്‌മെന്റ് പ്രസിദ്ധീകരണത്തിന് അനുമതി നല്‍കാതെയിരിക്കുന്നത്.കീഴ് ജാതിക്കാരെന്ന് വിളിച്ച് കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്നും തരം താഴ്ത്തിയ ജനതയ്ക്കുള്ള സമര്‍പ്പണമായാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ പുലയന് എന്ന മാഗസിന്‍ തയ്യാറാക്കിയത്. പുലയന്‍ എന്നാല്‍ മണ്ണിന്റെ മകന്‍ എന്നാണെന്നും അത്തരത്തില്‍ നീയും ഞാനും മണ്ണിന്റെ മക്കളാണെന്ന ആശയമാണ് മാഗസിനിലൂടെ മുന്നോട്ട വയ്ക്കുന്നതെന്നുംമാഗസിന്‍ എഡിറ്റര്‍ പറഞ്ഞു. കോടതി വിലക്കുണ്ടെന്നും അതിനാല്‍ പേരുമാറ്റാതെ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകില്ലെന്നും മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍ പുലയന്‍ എന്ന പേര് ഉപയോഗിക്കുന്നതിന് യാതൊരു നിയമ തടസവുമില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അട്രോസിറ്റി ആക്ട് പ്രകാരം പുലയന്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ തടസ്സമുണ്ടെന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ നിയമത്തില്‍ അത്തരത്തിലൊരു ഭാഗമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കോളേജ് മാഗസിന് പുലയന് എന്ന് പേര് നല്‍കാന്‍ തീരുമാനിക്കുന്നതും രചനകളും മറ്റുമായി മുന്നോട്ട് പോകുന്നതും. സ്റ്റാഫ് എഡിറ്ററുടെ ഭാഗത്തു നിന്നും പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു. രണ്ട് മാസത്തിന് മുമ്പ് തന്നെ മാഗസിന്റെ പി.ഡി.എഫ് പതിപ്പ് തയ്യാറാവുകയും ചെയ്തു. പിന്നീടാണ് പേര്‍ മാറ്റണമെന്ന ആവശ്യവുമായി കോളേജ് മാനേജ്‌മെന്റ് രംഗത്തെത്തിയത്.എന്നാല്‍ മാഗസിന്റെ പേര് മാറ്റിയാല്‍ പ്രസിദ്ധീകരണ അനുമതി നല്‍കാമെന്നാണ് മാനേജ്‌മെന്റ് നിലപാടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുസ്‌ലിം ഓര്‍ഫനേജ് നടത്തുന്ന കോളേജില്‍ നിന്നും ഇത്തരത്തിലൊരു മാഗസ്സിന്‍ പുറത്തിറങ്ങുന്നത് ശരിയല്ലെന്നും മാനേജ്‌മെന്റ് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ഇതേ പേരില്‍ തന്നെ മാഗസിന്‍ പുറത്തിറക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

© 2023 Live Kerala News. All Rights Reserved.