പാകിസ്താനിലെ സൂഫി ആരാധനാലയത്തില്‍ ചാവേറാക്രമണം; 72 മരണം;150പേര്‍ക്ക് പരുക്ക്; ഉത്തരവാദിത്തമേറ്റ് ഐഎസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ സൂഫി ആരാധനാലയത്തില്‍ ഐഎസ് ഭീകരരുടെ ചാവേറാക്രമണം.ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. 150ലധികം പേര്‍ക്ക് പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലെ സെഹ്വാന്‍ പട്ടണത്തിലെ ലാല്‍ ഷഹ്ബാസ് ഖലന്ദറിന്റെ ഖബറിടം ഉള്‍കൊള്ളുന്ന തീര്‍ഥാടന കേന്ദ്രത്തിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്‌ഫോടനമുണ്ടായത്.
എല്ലാ വ്യാഴാഴ്ചകളിലും ഇവിടെ പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍ നടക്കാറുണ്ട്. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടുത്തെങ്ങും മികച്ച ആശുപത്രികളില്ലാത്തത് സുരക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവിടെനിന്ന് ചുരുങ്ങിയത് 40 കി.മീറ്റര്‍ സഞ്ചരിച്ചുവേണം അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിലത്തൊന്‍. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
തീര്‍ഥാടന കേന്ദ്രത്തിന്റെ പ്രധാനഹാളിലേക്ക് പ്രവേശിച്ച ചാവേര്‍ ആദ്യം ആളുകകള്‍ക്കിടയിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്നാണ് സ്വയം പൊട്ടിത്തെറിച്ചത്.ഒരാഴ്ചക്കിടെ പാകിസ്താനില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ നവംബറില്‍ ബലൂചിസ്താനിലെ ഒരു സൂഫി കേന്ദ്രത്തിലും സമാനമായരീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. ഇതില്‍ 52 പേര്‍ കൊല്ലപ്പെട്ടു. ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.