പത്താം ക്ലാസ് വിദ്യാര്‍ത്ഥി പുലിമുരുകനെ അനുകരിച്ച് കൂര്‍ത്തകമ്പി എറിഞ്ഞു; നാലാം ക്ലാസുകാരിയുടെ കാഴ്ച പോയി

മാരാരിക്കുളം: പുലിമുരുകന്‍ സിനിമയിലെ മോഹന്‍ലാലിനെ അനുകരിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി എറിഞ്ഞ ആയുധം കണ്ണില്‍ തറച്ചു വിദ്യാര്‍ത്ഥിനിക്ക് കാഴ്ച പോയി. പത്താം ക്ലാസ് വിദ്യാര്‍ത്ഥി എറിഞ്ഞ കമ്പി വഴിതെറ്റി നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ കണ്ണില്‍ തറയ്ക്കുകയും വലതുകണ്ണിന്റെ കാഴ്ച പോകുകയുമായിരുന്നു. പൊള്ളേത്ത് ഗവ. ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി റോഷ്‌ന മേരിക്കാണ്(ഒന്‍പത്) വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്നത്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി എടുത്തെറിഞ്ഞ കൂര്‍ത്ത കമ്പി വഴിതെറ്റി മേരിയുടെ കണ്ണില്‍ കൊള്ളുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ കണ്ണിന് 22 തുന്നലുകള്‍ വേണ്ടി വന്നു. കോര്‍ണിയ, റെറ്റീന എന്നിവയിലൂടെ കമ്പി തുളച്ചുകയറി തുരുമ്പിന്റെ തരികള്‍ കണ്ണില്‍ അടിഞ്ഞതായാണ് സ്‌കാനിംഗില്‍ വ്യക്തമായത്. മത്സ്യത്തൊളിലാളിയായ ജോണ്‍ ഡിക്‌സണു മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് പുലിമുരുകന്‍ സിനിമയെ വിദ്യാര്‍ത്ഥികള്‍ അനുകരിച്ചതിനെ തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.

© 2024 Live Kerala News. All Rights Reserved.