എന്‍. പ്രശാന്തിനെ മാറ്റി; കോഴിക്കോട്ടെ പുതിയ കളക്ടര്‍ യു.വി ജോസ്; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റി. പ്രശാന്തിന് പകരം ടൂറിസം ഡയറക്ടര്‍ യു.വി ജോസിനെയാണ് പുതിയ കളക്ടറായി നിയമിച്ചിരിക്കുന്നത്.. മന്ത്രിസഭാ യോഗത്തിലാണ് കളക്ടറെ മാറ്റിയതായി തീരുമാനമായത്.അതേസമയം പ്രശാന്തിന് നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ധാരണയായില്ല. മുന്‍സര്‍ക്കാരിന്റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന എന്‍.പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കളക്ടറായി ചുമതലയേല്‍ക്കുന്നത്.ഓപ്പറേഷന്‍ സുലൈമാനി അടക്കം പൊതുജനപങ്കാളിത്തതോടെയുള്ള കാരുണ്യപദ്ധതികള്‍ നടപ്പാക്കി കൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്.കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യല്‍ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാന്‍ പ്രശാന്ത് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുത്തിരുന്നു. എന്നാല്‍ എം.കെ രാഘവന്‍ എം.പിയും പ്രശാന്തുമായുള്ള തര്‍ക്കങ്ങള്‍ ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. സോഷ്യല്‍മീഡിയ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വരെ രാഘവന്‍ എം.പി പറഞ്ഞിരുന്നു.തന്നെ അപകീര്‍ത്തിപ്പെടുത്തിയ എന്‍. പ്രശാന്ത് മാപ്പ് പറയണമെന്ന എം.കെ രാഘവന്റെ ആവശ്യത്തിന് പിന്നലെ കുന്നംകുളത്തിന്റെ മാപ്പ് കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തും വലിയ വിവാദമായിരുന്നു.

© 2024 Live Kerala News. All Rights Reserved.