യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ‘സംഘി മോഡല്‍’ ആക്രമണം;ഇനി അവരെ എസ്എഫ്‌ഐയുടെ കൊടി പിടിപ്പിക്കരുത്’; പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം; ഇരകള്‍ക്കൊപ്പം;ആഷിഖ് അബു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു രംഗത്ത്. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് ‘സംഘി മോഡല്‍’ ആക്രമണമാണെന്നും ഇത് ചെയ്തയാളെ എസ് എഫ് ഐയുടെ രണ്ട് രൂപ മെമ്പര്‍ ആണെങ്കില്‍പോലും അയാളെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നുമാണ് ആഷിഖ് അബു ആവശ്യപ്പെടുന്നത്. ‘ഔട്ട് സൈഡര്‍’ ആയി ക്യാമ്പപസില്‍ വരുന്ന വിദ്യാര്‍ഥികളെ ശത്രുക്കളായും സാമൂഹ്യവിരുദ്ധരായും സദാചാരവിരുദ്ധരായും മുദ്രകുത്തി ആക്രമിക്കുകയെന്നത് ക്യാമ്പസുകളില്‍ പതിവാണ്. യൂണിവേഴ്‌സിറ്റി കോളജില്‍ ഇത്തരത്തിലുള്ള പ്രാകൃതമായ വിളയാട്ടം നടത്തിയവര്‍ക്കെതിരെ പൊലീസ് നട്ടെല്ലോടെ നടപടിയെടുക്കണമെന്നും ആഷിക് അബു ആവശ്യപ്പെടുന്നു.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

 

‘ ഔട്ട് സൈഡര്‍ ‘ ആയി ക്യാമ്പസില്‍ വരുന്ന മറ്റുവിദ്യാര്‍ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്‍ഷ്ട്യം നിറഞ്ഞ മുന്‍വിധിയോടെ മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളില്‍ പതിവാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ‘സംഘി മോഡല്‍ ‘ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെമ്പര്‍ ആണെങ്കില്‍പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം. ഇരകള്‍ക്കൊപ്പം. 

വ്യാഴാഴ്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നാടകോത്സവം കാണാനെത്തിയ ജിജീഷ് എന്ന യുവാവിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. പെണ്‍കുട്ടികളുടെ അടുത്തിരുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം എന്നാണ് ജിജീഷ് പറയുന്നത്.

.

© 2024 Live Kerala News. All Rights Reserved.