നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി;മോദി മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നയാള്‍;മറുപടി മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട് പരാമര്‍ശത്തില്‍

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച്് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നയാള്‍ എന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി.കൂടാതെ പ്രധാനമന്ത്രി എപ്പോഴും ഗൂഗിളില്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനിടെ എപ്പോഴാണ് ഭരണം നടത്തുന്നത്. ഇന്ത്യയെ ഭരിക്കാനാണ് മോദിയെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനു പകരം എപ്പോഴും ഗൂഗിളില്‍ തിരഞ്ഞ് വിനോദം കണ്ടെത്തുകയാണ് മോദി ഇപ്പോള്‍ ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. .മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട് പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുമൊത്ത് യു.പിയുടെ വികസനത്തിനായുള്ള പൊതുമിനിമം പരിപാടി പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷങ്ങളിലെ മോദിയുടെ ഭരണം പരാജയമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. വികസനത്തെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് സമയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ, സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ മോദി തയ്യാറാവുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കൂടുതല്‍ എം.പിമാരെ പാര്‍ലിമെന്റിന് സംഭാവന ചെയ്ത ഉത്തര്‍പ്രദേശിന് മോദി ഒന്നും തിരിച്ച് നല്‍കിയില്ലെന്ന് അഖിലേഷ് പറഞ്ഞു. മോദിക്ക് യുവത്വത്തിനെ ഭയമാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.